തൊഴിൽ രഹിതരായവർക്ക് കൈത്താങ്ങായി മാറാനുള്ള കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേള ചൊവ്വാഴ്ച നടക്കും. മേളയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുക.
സർക്കാർ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനാണ് റോസ്ഗർ മേള പദ്ധതി സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിലെയും സംസ്ഥാനസർക്കാരിലെയും വിവിധ വകുപ്പുകളിലേക്കാണ് നിയമനം നടക്കുക. ചൊവ്വാഴ്ച ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകുന്നതിനൊപ്പം പ്രധാനമന്ത്രി ഇവരെ വെർച്വലായി അഭിസംബോധന ചെയ്യുകയും ചെയ്യും.
രാജ്യത്തെ 45 സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്ന റോസ്ഗർ മേളയിൽ രാജ്യത്തെ നാൽപ്പത്തിയഞ്ച് മേഖലകളിലാണ് നിലവിൽ നിയമനം നൽകുക. ഗ്രാമീൺ ഡാക് സേവക്, ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ലോവർ ഡിവിഷൻ ക്ലാർക്ക്, സബ് ഡിവിഷണൽ ഓഫീസർ, ടാക്സ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുക. നിലവിൽ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.