ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 288 കവിഞ്ഞു. 900-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചു. ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായാണ് പ്രധാനമന്ത്രി എത്തിയത്. അപകടസ്ഥലത്ത് നിന്ന് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനായി പ്രധാനമന്ത്രി കട്ടക്കിലെ ആശുപത്രിയിലേക്ക് പോകുമെന്നാണ് വിവരം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് അപകടസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി എത്തിയത്.
അതേസമയം, അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.