ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ച 40ഓളം പേരുടെ മൃതദേഹങ്ങളിൽ മുറിവുകളോ ചതവുകളോ ഇല്ല. അതിനാൽ ഇവരുടെ മരണകാരണം വൈദ്യുതാഘാതമേറ്റതാകാമെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച നാൽപതോളം പേരുടെ മൃതദേഹത്തിലാണ് ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്താൻ സാധിക്കാത്തത്.
പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുർ-ഹൗറ എക്സ്പ്രസ് മറിഞ്ഞപ്പോൾ വൈദ്യുതി ലൈൻ ട്രെയിനിന് മുകളിലേക്ക് പൊട്ടിവീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം നാൽപത് പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ട്രെയിന് മുകളിലുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ബോഗിയിലേക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങണമെന്ന് ഒഡീഷ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. മൃതദേഹങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയ വെബ്സൈറ്റ് ലിങ്കുകൾ സഹിതമാണ് സർക്കാർ മരിച്ചവരുടെ ബന്ധുക്കളെ അന്വേഷിക്കുന്നത്. ചികിത്സയിലുള്ളവർ ഏത് ആശുപത്രിയിലാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും ലിങ്കിൽ ലഭ്യമാണ്. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മുഴുവൻസമയവും ബന്ധപ്പെടാൻ 139 ഹെൽപ് ലൈനിലും ബന്ധപ്പെടാം.