മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് അക്രമികൾ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.
മെയ്തി വിഭാഗത്തിന്റെ പട്ടികവർഗപദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗ്രോത്രഇതര വിഭാഗമാണ് മെയ്തി. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ പദവി വേണമെന്ന് മെയ്തി വിഭാഗക്കാർ ദീർഘനാളായി ഉയർത്തുന്ന വിഷയമായിരുന്നു. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തിക്ക് പട്ടികവർഗ പദവി ലഭിക്കുമ്പോൾ തങ്ങളുടെ ജോലി സാധ്യത കുറയുമെന്നും ഈ വിഭാഗങ്ങൾ ആരോപിക്കുന്നുണ്ട്.