മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി. ഭീക്ഷണിപ്പെടുത്തിയ മലയാളിയെ തിരുവനന്തപുരത്ത് നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) പിടികൂടി. തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് എടിഎസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാൽ ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കേരള പൊലീസ് പ്രതികരിച്ചു.
പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിന് ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകർക്കും എന്നായിരുന്നു ഭീഷണി സന്ദേശം. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുംബൈ വിമാനത്താവള അധികൃതര്‍ക്ക് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്.
‘ഇത് വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യണം. ഇല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്ത മുന്നറിയിപ്പ് നല്‍കും എന്നായിരുന്നു ഭീഷണി സന്ദേശം.