രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ രാഷ്ട്രപത്നി എന്ന പരാമർശം വിവാദമായ പശ്ചാത്തലത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടിയിട്ടുണ്ട്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പരാമർശമാക്കിയ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കടുത്ത അമർഷം ഉണ്ടെന്നാണ് വിവരം. രാഷ്ട്രപതിയെ നേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി തന്നെയാണ് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് വിമർശനം ഉയരുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ലെന്നും സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമനും ആവശ്യപ്പെടുകയുണ്ടായി.