വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതേവിട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ അർജുന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. പ്രധാനപ്പെട്ട എട്ട് സാക്ഷികളുടെ മൊഴികൾ കട്ടപ്പനയിലെ അതിവേഗ സ്പെഷ്യൽ കോടതി പരിഗണിച്ചില്ലെന്നത് ഉൾപ്പെടെ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിയെ വെറുതേവിട്ട വിധിന്യായത്തിൽ നിരവധി പാകപ്പിഴകളുണ്ടെന്നും നിയമവിദഗ്‌ധർ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്നും വിധി റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ നിയോഗിക്കണമെന്നും കേസിൽ പ്രോസിക്യൂഷനും പോലീസിനും സംഭവിച്ച വീഴ്ചകൾ അന്വേഷിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.