കേരളത്തിൽ വിലക്കയറ്റവും പെൻഷൻ ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യങ്ങളും വർധിക്കുകയാണ്. എന്നാൽ അതിനിടെ പുറത്തുവരുന്ന മറ്റൊരു വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. അത് മറ്റൊന്നുമല്ല. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ ഒരും ജിം ഒരുക്കാൻ പോകുന്നു എന്നതാണ്.
നിയമസഭാ കോംപ്ലക്‌സിലെ സ്പീക്കറുടെ വസതിയിലാണ് ലക്ഷങ്ങൾ മുടക്കി അത്യാധുനിക ഉപകരണങ്ങളോടെ ജിം സജ്ജമാക്കുന്നത്. ജിമ്മിൽ ഫിറ്റ്നെസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി ഇതിനോടകം ടെൻഡറും ക്ഷണിച്ചുകഴിഞ്ഞു. ആവശ്യമായ ഉപകരണങ്ങളുടെ വിവരങ്ങൾക്കൊപ്പമാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഉപകരണങ്ങൾക്ക് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വാറണ്ടി വേണമെന്നും ടെൻഡറിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്പീക്കറുടെ വസതിയിൽ നിലവിൽ ജിം ഇല്ലെന്നും എം.എൽ.എ ഹോസ്റ്റലിൽ വ്യായാമത്തിനുള്ള ഏതാനും ചില ഉപകരണങ്ങൾ മാത്രമാണുള്ളതെന്നും വ്യക്തമാക്കിയാണത്രെ അധികൃതർ ഇതിനുവേണ്ട നടപടികളിലേയ്ക്ക് കടന്നത്.
ഇതിനുപുറമെ നിയമസഭാസമുച്ചയത്തിലെ ഡൈനിങ് ഹാൾ നവീകരണത്തിനുള്ള പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 12 കോടി രൂപയോളമാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. സ്‌പീക്കർ പ്രത്യേകം ഒരുക്കുന്ന സത്കാരങ്ങൾക്കാണ് ഈ ഹാൾ ഉപയോഗിക്കുന്നത്. എന്തായാലും സംഭവം ഇപ്പോൾ കേരളത്തിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്.