ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊയിലാണ്ടി നന്തി കടപ്പുറത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന രണ്ടാമത്തെ കേസിൽ സിവികിന് മുൻകൂർ ജാമ്യം അനുവദിച്ചതിന് എതിരെയാണ് സർക്കാരിന്റെ അപ്പീൽ നൽകിയത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോടതി നിരീക്ഷണം നീക്കം ചെയ്യാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജി പരിഗണിക്കുന്നത്. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ കേസിൽ മുൻപ് ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചിരുന്നു.
ഇതിനിടെ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന കേസില്‍ മുൻകൂർ ജാമ്യം അനുവദിക്കവേ വിവാദമായ ഉത്തരവിട്ട ജഡ്ജിയാണ് എസ് കൃഷ്ണകുമാര്‍. എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവ് കൂടാതെ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്ന ഉത്തരവും എസ് കൃഷ്ണകുമാര്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് സ്ഥലം മാറ്റം. എസ് മുരളീകൃഷ്ണനാണ് പുതിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേൽക്കുക.