വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനിച്ചു. സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസൻസ് നൽകിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിൽ, വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു.
ഇതിന് പിന്നാലെയാണ് വാവ സുരേഷിന് ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാൾ തടസം നിന്നത്. ഇതിനാൽ സുരേഷിന് ലൈസൻസ് നൽകിയിരുന്നില്ല.
തന്നെ പാമ്പുപിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റർ ഡയറക്ടർ അൻവറിന്റെ നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നൽകിയ പരാതിയിൽ ഹീയറിംഗ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനമായത്. കമ്മിറ്റി ചെയർമാൻ കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസൻസിനായി വനം വകുപ്പിന് അപേക്ഷ നൽകാൻ പെറ്റിഷൻ കമ്മിറ്റി നിർദ്ദേശിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.