സൗദി അറേബ്യയിൽ സ്കൂൾ പഠനത്തിനിടെ ആലുവ സ്വദേശിയായ ആദില നസ്റിൻ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയുമായി പ്രണയത്തിലാകുന്നു. ഇവരുടെ സ്വവർഗ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായതോടെ കേരളത്തിൽ എത്തിയതിന് ശേഷം ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസം തുടങ്ങി. ഇവിടെയെത്തിയ ഫാത്തിമയുടെ ബന്ധുക്കൾ പ്രശ്നം ഉണ്ടാക്കിയതോടെ പൊലീസ് ഇടപെടുകയും പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ആലുവയിൽ നിന്ന് ബന്ധുക്കൾ ബലം പ്രയോഗിച്ച് ഫാത്തിമ നൂറയെ കൂട്ടികൊണ്ടുപോയതോടെയാണ് പ്രശ്നങ്ങൾ മാധ്യമ ശ്രദ്ധ നേടിയത്.
തന്റെ പങ്കാളി ഫാത്തിമ നൂറയെ കാണാനില്ലെന്ന് പറഞ്ഞ് ആലുവ സ്വദേശിനി ആദില നസ്രിൻ മെയ് 26ന് പരാതി നൽകി. ആലുവ പൊലീസ് കേസെടുക്കാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ആദിലയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. ഫാത്തിമയെ ആദിലക്കൊപ്പം ഹൈക്കോടതി വിട്ടു. പതിനെട്ട് വയസ് പൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ ഈ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്.
തുടർന്ന് തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിൽ പിതാവായ മുപ്പത്തടം സ്വദേശി മുഹമ്മദാലിയെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു.