ജൂലൈ 9 ശനിയാഴ്ച മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഈജിപ്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നതായും സാധ്യതയുള്ള തീയതികൾ വെളിപ്പെടുത്തി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കി.
ജൂൺ 29 ബുധനാഴ്ച ഈ രാജ്യങ്ങളില്‍ ചന്ദ്രക്കല ദര്‍ശിക്കാന്‍ കഴിയുമെന്നാണ് നിഗമനം. ഇസ്ലാമിക മാസമായ ദുൽ ഹജ്ജ് ജൂൺ 30ന് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ ചെയർമാൻ മുഹമ്മദ് ഒഡെ അറിയിച്ചു. ഈ വർഷം അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച ആയിരിക്കും.
ഈദ് അൽ അദ്ഹ ദുൽ ഹജ്ജ് 10നാണ് ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 9ന് ആയിരിക്കും ദുൽ ഹജ്ജ്. കഴിഞ്ഞ ആഴ്ച എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയും സമാനമായ സാധ്യതാ തീയതികൾ പ്രഖ്യാപിച്ചിരുന്നു. വലിയ പെരുന്നാളിന്‍റെ ഭാഗമായി യുഎഇയിൽ നാല് ദിവസത്തെ അവധിയും ലഭ്യമാകും. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെയാണ് അവധി.
മുസ്ലീങ്ങളുടെ പുണ്യ ദിനങ്ങളില്‍ പ്രധാനപ്പെട്ടതാണ് അറഫാ ദിനം. ഹജ്ജ് തീർഥാടകർ തങ്ങളുടെ പാപങ്ങളിൽ പശ്ചാത്തപിച്ചുകൊണ്ട് അറഫയില്‍ പകൽ ചെലവഴിക്കും. അതേ സമയം ഹജ് തീർത്ഥാടനത്തിന് പോകാൻ കഴിയാത്ത വിശ്വാസികൾ അന്നേ ദിവസം നോമ്പ് ആചരിക്കും. അല്ലാഹുവിന്റെ കൽപ്പനയുടെ അടിസ്ഥാനത്തിൽ മകനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹിം നബിയുടെ സന്നദ്ധതയുടെ പ്രതീകമാണ് വലിയ പെരുന്നാൾ.