ഏഴ് മാസത്തെ ആവേശത്തിനൊടുവില്‍ ദുബായ് ഗ്ളോബല്‍ വില്ലേജ് ശനിയാഴ്ച കൊടിയിറങ്ങും. ഇക്കുറി 26 രാജ്യങ്ങളാണ് ആഗോള ഗ്രാമത്തില്‍ സംഗമിച്ചത്. ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിച്ചിട്ടുളള ഏറ്റവും ദൈര്‍ഘ്യമേറിയ മേളയ്ക്ക് കൂടിയാണ് വിരാമമാകുന്നത്.
ചരിത്രത്തില്‍ ഇടം നേടിക്കൊണ്ടാണ് മേളയുടെ കൊടിയിറക്കം. പതിവ് തെറ്റിച്ച് ഇക്കുറി റമദാനില്‍ പൂര്‍ണമായും ഗ്ലോബല്‍ വില്ലേജ് തുറന്നുകൊടുത്തിരുന്നു. പെരുന്നാൾ ദിനത്തിലും ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരെത്തി.
ആശങ്കകളെ അവഗണിച്ച് വേൾഡ് എക്സപോ 2020 കാലയളവിലും ഗ്ലോബല്‍ വില്ലേജില്‍ നിരവധി സന്ദര്‍ശകര്‍ എത്തിയിരുന്നു. 2021 ഒക്ടോബറിലാണ് ഗ്ലോബല്‍ വില്ലേജ് തുറന്നുകൊടുത്തത്. എക്സപോ സെന്‍ററിനേയും ഗ്ലോബല്‍ വില്ലേജിനേയും ബന്ധിപ്പിച്ച് ബസ്സ് സര്‍വ്വീസുകൾ ഏര്‍പ്പെടുത്തിയതും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഇക്കുറി നിരവധി വെത്യാസങ്ങളോടെയാണ് വില്ലേജ് തുറന്നുകൊടുത്തത്. തണുപ്പുകാലത്ത് തുറക്കുകയും ചൂടുകാലത്ത് അടയ്ക്കുകയും ചെയ്യുന്നതാണ് വില്ലേജിന്‍റെ സാധാരണ രീതി. മേള കൊടിയിറങ്ങുന്നതിന് മുമ്പ് ഈദ് ഗ്രാന്‍റ് പ്രൈസ് മത്സരത്തിലെ വിജയിയേയും നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും. അവസാന ദിവസം പുലര്‍ച്ചെ രണ്ടുമണിവരെയാകും വില്ലേജ് പ്രവര്‍ത്തിക്കുക.