ഇരുന്നൂറ് കോടി ദിർഹം ചെലവില്‍ നവീകരിച്ച ദുബായ് – അൽഐൻ റോഡ് ആര്‍ടിഎ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 15ലക്ഷം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് റോഡിന്‍റെ നവീകരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പതിനേഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാതയിലാണ് നവീകരണ പ്രവര്‍ത്തനങ്ങൾ നടന്നത്. ഇരുഭാഗത്തേക്കും വീതികൂട്ടി ആറ് വരികൾ ഉൾപ്പെടുത്തി. ആറ് പ്രധാന ഇന്‍റര്‍ ചേഞ്ചുകൾ, വലിയ പാലങ്ങൾ, റാമ്പുകൾ, എന്നിവയാണ് പുതിയതായി സ്ഥാപിച്ചത്. മണിക്കൂറില്‍ 12,000 മുതല്‍ 24,000 വാഹനങ്ങൾക്ക് കടന്നുപോകാന്‍ കഴിയും. വാഹന സഞ്ചാരം ഇരട്ടിയാകുന്നതിനൊപ്പം 50 ശതമാനം സമയവും പുതിയ റോഡിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ലാഭിക്കാനാകും. യാത്രാസമയം 16 മിനിറ്റിൽ നിന്ന് എട്ടു മിനിറ്റായി കുറയുമെന്നാണ് നിഗമനം.
എമിറേറ്റ്സ് – റാസല്‍ ഖോര്‍ ഇന്‍റര്‍സെക്ഷന്‍ പരിധിയിലുളളവര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക. ഒമാൻ ഭാഗത്തേക്ക് പോകേണ്ടവര്‍ക്കും തിരക്കൊഴിവാക്കി വേഗത്തിലെത്താനാകും. നിരവധി സര്‍വ്വകലാശാലകളെയും ബന്ധിപ്പിക്കുന്നതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികൾക്കും റോഡ് സൗകര്യപ്രദമാണ്. നഗര നവീകരണത്തിന്റെ ഭാഗമായാണ് റോഡ് വികസനമെന്ന് ആർ.ടി.എയുടെ ഡയറക്ടർ ജനറല്‍ മത്വാർ അൽ തായറും പ്രതികരിച്ചു.