ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഭാവിയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്റെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നടപടി.
ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നായിരുന്നു ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറയുന്നു.
ആരാധ്യ ബച്ചനെതിരെ ഇത്തരം വ്യാജവാർത്തകൾ അപ്‌ലോഡ് ചെയ്തതിലൂടെ അവർ അവളുടെ അവകാശങ്ങൾ ലംഘിച്ചുവെന്നും അവളുടെ നല്ല മനസ്സിനും പ്രശസ്തിക്കും കളങ്കം വരുത്താൻ ശ്രമിച്ചുവെന്നും ബച്ചൻ കുടുംബം ആരോപിച്ചു. ആരാധ്യയുടെ പേര് മാത്രമല്ല, ബച്ചൻ കുടുംബത്തിന്റെ പേരും അവർ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്ത ഹൈക്കോടതി, ഇത്തരം തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നയങ്ങളില്ലേ എന്നും ചോദിച്ചു. ഉപയോക്താക്കള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കിയെന്ന് മാത്രം പറഞ്ഞാല്‍ പോരെന്നും ഡല്‍ഹി ഹൈക്കോടതി യുട്യൂബിനോട് പറഞ്ഞു.