പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലവട്ടം സർക്കാർ ആവർത്തിച്ചിട്ടുണ്ടെന്നും അതാണ് ഇപ്പോഴും അടിവരയിട്ട് പറയാനുള്ളതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മനുഷ്യനെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ ശരീരത്തില്‍ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ബി.ജെ.പി പുറത്തെടുക്കുന്നതെന്നും പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. നരേന്ദ്രമോദി പ്രഖ്യാപിച്ച പൗരത്വഭേദഗതി നിയമം ഇന്ത്യ സഖ്യം ഭരണത്തിൽ വരുന്നതോടെ അറബിക്കടലിലേയ്ക്ക് വലിച്ചെറിയുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി.