അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെ പട്ടം പി.എസ് സ്‌മാരകത്തിൽ പൊതുദർശനത്തിന് വെയ്ക്കും.
മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, കാനത്തിൻ്റെ മകൻ സന്ദീപ് എന്നിവർ വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.ആർ അനിൽ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ, പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ തിരുവനന്തപുരത്തെത്തി. നേരത്തെ ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയിൽ പൊതുദർശനം തീരുമാനിച്ചെങ്കിലും സമയപരിമിതി മൂലം ഇടപ്പഴിഞ്ഞിയിലെ പൊതുദർശനം ഒഴിവാക്കി.
തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. ഞായറാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. സിപിഐയുടെയും എൽ.ഡി.എഫിന്റെയും നേതാക്കളെല്ലാം തിരുവനന്തപുരത്തും കോട്ടയത്തുമായി പൊതുദർശനത്തിനെത്തിച്ചേരും.