ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. എന്നാൽ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് കൗസർ ഇടപഗം ഉൾപ്പടെയുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്നതടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയിരുന്ന എസ് കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. സിവിക് ചന്ദ്രൻ സമാനമായ കുറ്റകൃത്യങ്ങൾ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണെന്നും സെഷൻസ് കോടതിയുടെ ഉത്തരവിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.