എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ് സൈറ്റുകൾക്ക് പുറത്ത് ആളുകൾ കൂടാരം സ്ഥാപിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് എമിറേറ്റിന്റെ പൊതുനയങ്ങളുടെ ലംഘനമാണെന്നും പൊതു സ്വത്തുക്കൾ കയ്യേറുന്ന പ്രവണതയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ഇത്തരം ക്യാമ്പുകൾ കടൽത്തീരത്തെ കാഴ്ചകൾ തടസ്സപ്പെടുത്തുമെന്നും ഓപ്പൺ ബീച്ചുകളിൽ ക്യാമ്പിംഗ് നടത്താൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
നിയമപരമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാനും എമിറേറ്റിന്റെ പൊതുവായ കാഴ്ചപ്പാട് സംരക്ഷിക്കാനും ഉദ്യോഗസ്ഥർ അഭ്യര്‍ത്ഥിച്ചു. പരാതികൾക്കും അന്വേഷണങ്ങൾക്കും 800661 എന്ന കോൾ സെന്ററുമായി ബന്ധപ്പെടാമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.