സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ് മുഹമ്മദിൻ്റെ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദർശനത്തിന് ഇടെയായിരുന്നു ചടങ്ങ്.
സിയോളിലെ പ്രസിഡൻ്റിൻ്റെ ഓഫീസിൽ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ വാണിജ്യ, വ്യവസായ, ഊർജ മന്ത്രി അഹ്ൻ ദുക്-ഗ്യൂനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വ്യാപാരം, നിക്ഷേപം, നൂതനത്വം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത പ്രകടമാക്കുന്നതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
2031ഓടെ എണ്ണ ഇതര വിദേശ വ്യാപാരം 4 ട്രില്യൺ ദിർഹത്തിനപ്പുറം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുളളതാണ് കരാർ. കയറ്റുമതിക്കാർക്കുള്ള വിപണി പ്രവേശനം വർധിപ്പിക്കുക, താരിഫുകൾ പരിൽഷ്കരിക്കുക, വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കുക,സ്വകാര്യമേഖലാ സഹകരണത്തിനുള്ള പ്ലാറ്റ്ഫോമുകൾ കൊണ്ടു വരിക എന്നിവയും കരാറിനോട് അനുബന്ധിച്ച് നടപ്പിലാക്കും. സെപയ്ക്ക് പിന്നാലെ കാലാവസ്ഥാ വ്യതിയാന സഹകരണം ഉൾപ്പടെ നിരവധി പ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്.