ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്ക് തീവച്ചതാണെന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഇന്നലെ രാത്രിയാണ് ചീഫ് സെക്രട്ടറി വി. പി. ജോയിക്കു കൈമാറാൻ ഡിജിപി അനിൽകാന്തിന് ഇ–മെയിലിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അട്ടിമറി നടന്നിട്ടുണ്ടോ എന്നുറപ്പിക്കാനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. തീപിടിത്തം നടന്ന സ്ഥലത്തെ ദൃശ്യമികവുള്ള ഉപഗ്രഹ ചിത്രങ്ങളും കത്തിയ മാലിന്യത്തിൻ്റെ സാമ്പിളിൻ്റെ ഫൊറൻസിക് റിപ്പോർട്ടും കേസിൽ നിർണായകമാണ്. ഇതുകൂടി വന്നശേഷമേ അന്തിമ തീരുമാനമാകൂ. ഇതു ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്. തൃക്കാക്കര എസിപി പി.വി.ബേബിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
ഉയർന്ന ദൃശ്യമികവിൽ ഉപഗ്രഹ ചിത്രങ്ങൾ ലഭിക്കാൻ പൊലീസിൻ്റെ അഭ്യർഥന പ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദേശ ഏജൻസികളെ സമീപിച്ചിരുന്നു. വിദേശ സാറ്റലൈറ്റ് ദൃശ്യങ്ങൾ രാജ്യത്തു വിൽക്കുന്ന ഡിജിറ്റൽ ഗ്ലോബ്, മാക്സർ എന്നീ ഏജൻസികളുടെ സേവനമാണ് തേടിയതിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി അനുകൂലമല്ലെങ്കിൽ കൂടുതൽ ഏജൻസികളെ സമീപിക്കാനാണ് നീക്കം. ചിത്രങ്ങൾ ലഭിക്കാൻ ഒരു മാസത്തോളമെടുത്തേക്കും.
ബ്രഹ്മപുരത്തെ തീപിടിത്ത പ്രദേശവും, ദിവസങ്ങളും വ്യക്തമാക്കാൻ കഴിയുംവിധം ഉപഗ്രഹ ചിത്രങ്ങൾ ഏജൻസികളുടെ കൈയ്യിലുണ്ടെന്ന് ബോധ്യപ്പെട്ടാൽ അതോറിറ്റി നാഷനൽ റിമോട്ട് സെൻസിങ് സെൻ്ററിനെ (എൻആർഎസ്സി) വിവരം അറിയിക്കും. തുടർന്ന് എൻആർഎസ്സി വഴി ദൃശ്യങ്ങൾ ശേഖരിച്ച് ഇത് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിക്കും കൊച്ചി സിറ്റി പൊലീസിനും കൈമാറും.