2022 മാര്‍ച്ച് 31 ന് ദുബായ് വേൾഡ് എക്സ് പോ സമാപിച്ചെങ്കിലും അതിന്‍റെ അലയൊലികൾ തുടരുകയാണ്. ലോക മേളയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ സന്ദര്‍ശിക്കുന്നത് അടയാളപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിതരണം ചെയ്ത എക്സ് പോ പാസ്പോര്‍ട്ടുകളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിയത്.
ക്ലാസിഫൈഡ് വെബ്‌സൈറ്റായ ഡുബിസിൽ, ടിക് ടോക്ക് എന്നിവയില്‍ എക്സ്പോ പാസ്പോര്‍ട്ടുകൾക്ക് വന്‍ തുകയാണ് കാണിച്ചിരിക്കുന്നത്. 2500 ദിര്‍ഹംമുതല്‍ 9,000 ദിർഹം വരെയാണ് ആവശ്യപ്പെടുന്ന തുക. ഇതിനു പുറമെ മേളയിലെ വിവിധ സ്റ്റാളുകളില്‍ നിന്ന് വാങ്ങിയ മറ്റ് വസ്തുക്കളും കൂടിയ വിലയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.
ചിലര്‍ പാസ്പോര്‍ട്ടുകൾ വിറ്റുപോയതായി കമന്റുകളും രേഖപ്പെടുത്തുന്നു.
കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ടിനാണ് ഉയര്‍ന്ന തുക. വിനോദോപാധിയായി ഡോക്യുമെന്‍റുകളും മറ്റും ശേഖരിക്കുന്നവരാണ് പ്രധാന ആവശ്യക്കാര്‍. ലോകവ്യാപകമായി ചുരുങ്ങിയ ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് രൂപയുടെ സമാന കച്ചവടം നടന്നുകഴിഞ്ഞതായാണ് സൂചന. ആറ് മാസം നീണ്ടുനിന്ന ഷോയിൽ 24 ദശലക്ഷത്തിലധികം ആളുകളാണ് സന്ദര്‍ശനം നടത്തിയത്.