മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ ചിത്രത്തിന്റെ നിർമാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റെണിയുടെയും നാൽപതുകോടി രുപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിക്കാൻ ഉത്തരവിട്ടത്. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം.
ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഓ ടി ടി പ്ലാറ്റഫോംമുകൾ മുഖേനയും ചിത്രം ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്.