ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ നീതികിട്ടാതായതോടെ പദ്‌മശ്രീ പുരസ്കാരം രാജ്യതലസ്ഥാനത്തെ നടപ്പാതയിൽ ഉപേക്ഷിച്ച് ഗുസ്‌തിതാരം ബജ്‌രംഗ് പൂനിയ. വനിതാ ഗുസ്‌തിതാരങ്ങൾ അപമാനിക്കപ്പെടുമ്പോൾ പുരസ്‌കാരവുമായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞാണ് പൂനിയ പദ്‌മശ്രീ പതക്കം ഡൽഹിയിലെ കർത്തവ്യപഥ് പോലീസ് സ്റ്റേഷന് സമീപത്തെ നടപ്പാതയിൽ ഉപേക്ഷിച്ചത്.
ബജ്‌രംഗ് പൂനിയ നടപ്പാതയിൽ ഉപേക്ഷിച്ച പതക്കം പിന്നീട് പൊലീസുകാർ കർത്തവ്യപഥ് സ്റ്റേഷനിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം കൈമാറാനെത്തിയ പൂനിയയെ പൊലീസുദ്യോഗസ്ഥർ തടഞ്ഞതോടെയാണ് അദ്ദേഹം അത് വഴിയിലുപേക്ഷിച്ച് പ്രതിഷേധിച്ചത്. പതക്കം ഉപേക്ഷിക്കാനുള്ള കാരണം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് പൂനിയ തുറന്നകത്തും അയച്ചു. വനിതാതാരങ്ങൾ അപമാനിക്കപ്പെടുമ്പോൾ ഇത്തരത്തിൽ ബഹുമതിയുമായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടിവരുമെന്നും പൂനിയ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു.
ലൈംഗികാരോപണവിധേയനായ ബിജെപിയുടെ ലോക്‌സഭാംഗം ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ അനുയായികൾ ഗുസ്‌തി ഫെഡറേഷനിലേക്ക് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഗുസ്‌തിതാരം സാക്ഷി മാലിക് ബൂട്ടഴിച്ചുവെച്ച് ഗുസ്തി വേദി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്‌രംഗ് പൂനിയയുടെ പ്രതിഷേധം.