ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും പത്മകുമാറിന്റെ മകളുമായ പി. അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. കഴിഞ്ഞ ജൂലൈയിൽ ചാനൽ ഡീമോണിറ്റൈസ് ചെയ്തു
തുടർന്ന് ഇതിൽനിന്നുള്ള വരുമാനം നിലച്ചെു. പിന്നീട് നിരാശയായിരുന്നു അനുപമയ്ക്ക്. തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്ത്ത അനുപമ, പിന്നീട് യോജിച്ചത് ഈ നിരാശയിൽ തുടർന്നാണെന്ന് എം.ആർ.അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ‘‘അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതിൽനിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.
യുട്യൂബിൽനിന്നുള്ള വരുമാനം ഉളളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാൽ ജൂലൈ മാസം മുതൽ വരുമാനം നിലച്ചതോടെ ഈ പെൺകുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്.’’– എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേർന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.