ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ബിജെപി നേതാവ് പി.സി.ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച് സ്ഥാനാർത്ഥി അനിൽ ആന്റണി. തനിക്ക് പകരം അനിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പി.സി.ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു സന്ദർശനം. പത്തനംതിട്ടയിൽ പി.സി ജോർജിൻ്റെ അനുഗ്രഹത്തോടെ താൻ വിജയിക്കുമെന്ന് അനിൽ ആൻ്റണി പറഞ്ഞു.
“പി.സി. ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം. അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോൺ ജോർജ് തൻ്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിൻ്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്തി പകരുന്നതാണ്. അദ്ദേഹത്തിൻ്റെ ഉൾപ്പെടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നത്” എന്നാണ് അനിൽ ആന്റണി പറഞ്ഞത്.
“കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അനിൽ ആൻ്റണിയെന്ന് പറഞ്ഞാൽ എ.കെ ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർത്ഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്” എന്ന് പി.സി ജോർജും വ്യക്തമാക്കി.