ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. മൂന്നോ നാലോ മണ്ഡലങ്ങളിൽ മാത്രം ബിജെപിക്ക് സാധ്യതയുള്ളപ്പോൾ മത്സരിച്ച് തോൽക്കാനില്ലെന്നും അവസാന നിമിഷം ദേശീയ നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെടുമോയെന്ന് ഭയമുണ്ടെന്നും കണ്ണന്താനം ഡൽഹിയിൽ പറഞ്ഞു.
മണിപ്പൂർ കലാപം ഉയർത്തിയുള്ള പ്രതിപക്ഷ വിമർശനം കേരളത്തിൽ ഇത്തവണ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. റബർ വില, മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി മുന്നോട്ട് വെച്ച നിർദേശങ്ങൾ ബിജെപി നേതൃത്വം പരിഗണിക്കാത്തതിൽ കടുത്ത അതൃപ്‌തിയിലാണ് അൽഫോൺസ് കണ്ണന്താനം.
കഴിഞ്ഞ തവണ മോദി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കെ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് എറണാകുളത്ത് കണ്ണന്താനം സ്ഥാനാർത്ഥിയായത്. എന്നാൽ 2014-ലെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടാൻ സാധിച്ചെങ്കിലും കണ്ണന്താനം പരാജയപ്പെട്ടിരുന്നു.