വികാരനിർഭരമായ മണിക്കൂറുകൾക്ക് ശേഷം അജീഷിന് വിട നൽകി നാട്. അപ്രതീക്ഷിതമായ മരണം അജീഷിന്റെ ജീവൻ കവർന്നപ്പോൾ ഒരു നാട് മുഴുവൻ വിറങ്ങലിച്ച് നിൽക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാകാതെ വിതുമ്പുന്ന അജീഷിൻ്റെ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
മൂന്ന് മണിയോടെയാണ് അജീഷിന്റെ സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ചത്. നിറകണ്ണുകളോടെ കുടുംബക്കാർ തന്റെ പ്രിയപ്പെട്ടവന് അന്ത്യചുംബനം നൽകി യാത്രയാക്കി. തുടർന്ന് മൂന്നരയോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി മൃതദേഹം പടമല സെന്റ് അൽഫോൺസ പള്ളിയിലെത്തിച്ചു. അജീഷിനെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി പേരാണ് വീട്ടിലും പള്ളിയിലുമായി എത്തത്. തുടർന്ന് കണ്ണീരോടെ നാടും കുടുംബവും അജീഷിന് വിട നൽകി.
ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് വയനാട്ടിലെ പലമടയിലെ ജനവാസമേഖലയിലിറങ്ങിയ ബേലൂർ മഖ്‌ന എന്ന കാട്ടാന അജീഷിനെ ആക്രമിച്ചത്. ആനയെ കണ്ട് അജീഷ് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ആന വീടിൻ്റെ ഗേറ്റ് തകർത്ത് അകത്തുകടക്കുകയും ആക്രമിക്കുകയുമായിരുന്നു.