പറക്കും ടാക്സികളെന്ന് കേൾക്കുമ്പോൾ പലർക്കും അതിശയമായിരിക്കാം. വിദേശ രാജ്യങ്ങളിൽ ഇവ കാണുമ്പോൾ എന്നാണ് ഈ എയർടാക്സികൾ നമ്മുടെ നാട്ടിലെത്തുക എന്ന് വിചാരിക്കുന്നവരുമുണ്ട്. എങ്കിൽ ഇനി അത്തരം ചിന്തകൾക്ക് ഇവിടെ സ്ഥാനമില്ല. കാരണം
ഇന്ത്യ കീഴടക്കാൻ എത്താനൊരുങ്ങുകയാണ് എയർടാക്സികൾ.
എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എൻ്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ സംയുക്തമായാണ് ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ ആരംഭിക്കുക. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ എയർ ടാക്സി സർവീസ് നടത്തുക. വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങളാണ് ഇതിനായി ആർച്ചർ ഏവിയേഷൻ നൽകുക.
പൈലറ്റിനെ കൂടാതെ 4 പേർക്കാണ് ഇതിൽ യാത്ര ചെയ്യാൻ സാധിക്കുക. ഇതോടെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദൂരം മിനിറ്റുകൾ മാത്രമായി കുറയുകയും ചെയ്യും. 2,000 മുതൽ 3,000 രൂപ വരെയായിരിക്കും നിരക്ക് ഈടാക്കുക. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേയ്ക്കുള്ള 27 കിലോമീറ്റർ കാറിൽ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ വേണ്ടിവരുമ്പോൾ എയർ ടാക്സിയിൽ വെറും 7 മിനിറ്റിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും.