വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ചലച്ചിത്ര താരം ഷക്കീല. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വെച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വാക്കേറ്റത്തെത്തുടർന്ന് ശീതളും കുടുംബവും ഷക്കീലയെ മർദ്ദിച്ചെന്നും തടയാൻ ശ്രമിച്ച അഭിഭാഷകയ്ക്കും മർദ്ദനമേറ്റതായാണ് പരാതി.
ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ ശീതളും കുടുംബവും തന്നെ മർദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് ഷക്കീലയുടെ പരാതി. ഇതിനിടെ ഷക്കീല സുഹൃത്ത് നർമദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഭിഭാഷക വിഷയം സംസാരിക്കുന്നതിനിടെ ശീതൾ ഷക്കീലയെ ആഷ് ട്രേ ഉപയോഗിച്ച് തലക്കടിച്ചെന്നും തടയാൻ ശ്രമിക്കുന്നതിനിടെ ശീതളിന്റെ അമ്മ അഭിഭാഷയുടെ കൈ കടിച്ചുമുറിച്ചുവെന്നുമാണ് പരാതിയിലുള്ളത്.
സംഭവത്തിൽ പരിക്കേറ്റ സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടി. തന്റെ കൈ കടിച്ചുമുറിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകയും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ശീതളിന് ആറ് മാസം പ്രായമുള്ളപ്പോൾ മുതല്‍ ഷക്കീലയാണ് ദത്തെടുത്ത് വളര്‍ത്തുന്നത്.