ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ രാജ്യം അനുവദിച്ചിട്ടുള്ള ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. സുൽത്താനേറ്റിൽ പ്രവേശിച്ച തീയതി മുതൽ മൂന്നു മാസം വരെ സന്ദർശകർക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും സുൽത്താനേറ്റ് അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ളവർക്കും ആയിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ അനുവാദമുണ്ടായിരുന്നത്. പുതിയ തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിവിധ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.
2021 ഇൽ 103 രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു തീരുമാനം. ഹോട്ടൽ ബുക്കിങ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നിവ ഉൾപ്പെടെ ചില ആവശ്യകതകൾക്ക് വിധേയമായായിരുന്നു വിസ ഇളവുകൾ നൽകിയിരുന്നതെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.