മരണം പലവട്ടം കൺമുന്നിലെത്തി; ഇനി ഭയമില്ലെന്ന് മലയാളി പർവ്വതാരോഹകൻ

Date:

Share post:

ബിടെക്കും, എംടെക്കും പൂർത്തിയാക്കിയ കാലം. ഭാവി എന്തെന്ന അന്വേഷണങ്ങൾക്കിടെ അമ്മയുടെ നിർബന്ധപ്രകാരം പി.എസ്.സി പരീക്ഷകൾ എഴുതിത്തുടങ്ങി. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണാനുളള അമ്മയുടെ ആഗ്രഹം സഫലമാക്കി പോസ്റ്റ് ഓഫീസ് ജീവനക്കാരനായി നിയനം. ജോലി വീടിന് അടുത്തുതന്നെ. എന്നാൽ യാത്രകളെ സ്നേഹിച്ച ഷെയ്ഖ് ഹസ്സൻ ഖാൻ മറ്റുചില ലക്ഷ്യങ്ങളിലായിരുന്നു.

പി.എസ്.സി  വഴി എവറസ്റ്റ്

എഴുതിയ പി.എസ്.സി പരീക്ഷകളിലൊക്കെ വിജയം ആവർത്തിച്ചതോടെ പോസ്റ്റോഫീസിലെ ജോലി ഉപേക്ഷിച്ച് സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിൽ ഉദ്യോഗസ്ഥനായി. ഇതിനിടെ സിവിൽ സർവ്വീസ് എന്ന മോഹം കലശലായി. മികച്ച പരീശീലനത്തിനായി ശ്രമിക്കവേ ഡെപ്യൂട്ടേഷനിൽ ഡൽഹിയിലേക്ക്. ഭാഗ്യനിർഭാഗ്യങ്ങളിൽ തട്ടിത്തടഞ്ഞ് സിവിൽ സർവ്വീസ് എന്ന കടമ്പ അകലത്തുനിന്നു.

എന്നാൽ സിവിൽ സർവ്വീസ് കോച്ചിംഗിനിടെ പരിചയപ്പെട്ടവരോടൊപ്പം നടത്തിയ ഒരു ടൂർ ജീവിതം മാറ്റിമറിച്ചു. മലകയറ്റം പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെത്തിയ സംഘം വെറുതേയൊന്നു ശ്രമിച്ചുനോക്കിയതാണ്. വെറും 30 അടി ഉയരേക്ക് കയറിലൂടെ ഒരു സാഹസികത. ഷെയ്ഖ് ഹസ്സൻ ഖാന് അതൊരു തുടക്കമായിരുന്നു. വലിയ മലകളും പർവ്വതങ്ങളും താണ്ടാനുളള നിയോഗത്തിൻ്റെ തുടക്കം.

മലകയറ്റം തലയ്ക്കുപിടിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തര കാശിയിലെ നെഹ്രു പർവതാരോഹണ പരിശീലനകേന്ദ്രത്തിൽ ചേർന്നു. മികച്ച പരിശീലനം ലഭിച്ചതോടെ പശ്ചിമ സിക്കീമിലേയും ലഡാക്കിലേയും കൊടുമുടികൾ കയറി. അതോടെ എവറസ്റ്റ് എന്ന മോഹമുദിച്ചു. തുടർന്ന് പതിമൂന്ന് അംഗ സംഘത്തിനൊപ്പം എവറസ്റ്റ് കീഴടക്കാനുളള പരിശീലനവും തയ്യാറെടുപ്പുകളും. സുഹൃത്തുക്കളിൽനിന്നും മറ്റുമായിരുന്നു ആദ്യ യാത്രക്ക് ആവശ്യമായ 30 ലക്ഷം രൂപ സംഘടിപ്പിച്ചത്.  രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം ആഘോഷിക്കുമ്പോൾ എവറിസ്റ്റിന് മുകളിൽ ദേശീയ പതാക പാറിക്കുകയായിരുന്നു ലക്ഷ്യം.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ച് അയാൾ 2022 മെയ് 15-ന് ഇന്ത്യന്‍ സമയം രാവിലെ 9.30-ന് എവറസ്റ്റിന് മുകളില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി. സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റര്‍ ഉയരെ. പാതിവഴിൽ ഒടുങ്ങിപ്പോകേണ്ട ദൌത്യം മനക്കരുത്തിൻ്റെ ബലത്തിൽ വിജയത്തിലെത്തിക്കുകയായിരുന്നു. ന്യൂമോണിയ പിടപ്പെട്ട ശരീരവും മൈനസ് 30 ഡിഗ്രി തണുപ്പും മലകയറ്റത്തെ പലവട്ടം തടസ്സപ്പെടുത്തി. ഓക്സിജൻ സിലണ്ടർ ഉപയോഗിച്ചതിലെ അപാകത മരണത്തെ കൺമുന്നിലെത്തിച്ചതാണ് ആ യാത്രയിലെ വലിയ അനുഭവം.

മരണം കൺമുന്നിലെത്തിയ നിമിഷം

ക്യാമ്പ് ഫോറിൽനിന്ന് മുകളിലേക്കുളള യാത്രക്കിടെയായിരുന്നു മരണം മുന്നിലെത്തിയത്. ഓക്സിജൻ തീർന്ന് നിലംപതിച്ച ഷെയ്ഖ് ഹസ്സൻ ഖാൻ്റെ ശരീരം മരവിച്ചുതുടങ്ങി. കൈകാലുകൾ ചലിപ്പിക്കാൻ പറ്റാതെയായി. മരണം തുറിച്ചുനോക്കുന്നതിനിടെ ദൈവദൂതനെപ്പോലെയെത്തിയ ഷെര്‍പ്പ (എവറ്സ്റ്റിലെ ഗൈഡ്) തുണയാവുകയായിരുന്നു. 20 മീറ്ററോളം താഴേക്ക് ഇറങ്ങിവന്നാണ് അയാൾ ഓക്സിജൻ സിലണ്ടർ കൈമാറിയത്. സ്വപ്നങ്ങളിൽപോലും പ്രതീക്ഷിക്കാത്ത പുനർജന്മം ലഭിച്ചതോടെ ഹസ്സൻ ഖാൻ വീണ്ടും ലക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങി.

കാലാവസ്ഥ അനുകൂലമായ രാത്രിസമയങ്ങളിലാണ് മലകയറ്റം. ചുറ്റും മൂടൽമഞ്ഞും കാറ്റിൻ്റെ ശബ്ദവും മാത്രമാകും ഉണ്ടാവുക. സംഘാംഗങ്ങളും പലയിടങ്ങളിലാവും. ഒരപകടമുണ്ടായാൽ സഹായമെത്താൻ വൈകും. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഓരോ മലകയറ്റത്തിലും പതിയിരിപ്പുണ്ട്.

എവറസ്റ്റിൻ്റെ മുകളിലേക്കുളള പാതയിൽ ദൌത്യം പരാജയപ്പെട്ടവരുടെ മൃതദേഹങ്ങൾ കാണാനാകും. മഞ്ഞിൽ നിരങ്ങിവീണ ഒരുഘട്ടത്തിൽ അത്തരമൊരു മൃതദേഹത്തിൽ തടഞ്ഞുനിന്നതും മറക്കാനാകാത്ത അനുഭവമാണ്. മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിപ്പോകേണ്ട നിമിഷങ്ങളെ അതിജീവിച്ചതോടെ മരണമെന്ന പേടി ഇല്ലാതെയായെന്ന് ഷെയ്ഖ് ഹസ്സൻ ഖാൻ പറയുന്നു.

പുതിയ ഉയരങ്ങളിലേക്ക്
ഏഴു ഭൂഖണ്ഡങ്ങളിലേയും പര്‍വതങ്ങള്‍ കീഴടക്കുകയെന്ന ലക്ഷ്യത്തോടെ യാത്രതിരിച്ച ഷെയ്ഖ് ഹസ്സൻ ഖാൻ ഇതിനകം ആഫ്രിക്കയിലെ കിളിമഞ്ചാരോയും വടക്കൻ അമേരിക്കയിലെ ഡെനാലിയും അൻ്റാർട്ടിക്കയിലെ വിൻസൺ കൊടുമുടിയും റഷ്യയിലെ ഏറ്റവും ഉയരം കൂടിയ എൽബ്രസ് പർവതവും ഉൾപ്പെടെ ആറ് ഭൂഖണ്ഡങ്ങളിലെ ദൌത്യം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരമുളള അഗ്നിപർവ്വതമായ ചിലിയിലെ ഓഗോസ് ദെൽ സലാദോയുടെ മുകളിലെത്തിയ ആദ്യ മലയാളിയായും ഷെയ്ഖ് ഹസ്സൻ ഖാൻ മാറി.

കാലാവസ്ഥാ വൃതിയാനം, ലോകസമാധാനം എന്നീ സന്ദേശങ്ങളുമായാണ് ഷെയ്ഖ് ഹസ്സൻ ഖാൻ്റെ യാത്രകൾ. ഓരോ വിജയവും വാർത്തകളിൽ നിറഞ്ഞതോടെ കേരള സർക്കാരും അഭിനന്ദനവുമായി എത്തി. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അറിയിച്ചു. ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ അംഗീകാരങ്ങളും എത്തിത്തുടങ്ങി. ഭാഗ്യവും ആരോഗ്യവും അനുവദിക്കുന്നെങ്കിൽ എല്ലാ രാജ്യങ്ങളിലേയും ഏറ്റവും ഉയർന്ന പർവതങ്ങൾ താണ്ടുകയാണ് പുതിയ ലക്ഷ്യം. പരിശീലനത്തിനും യാത്രകൾക്കുമായി ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവരും. പണം കണ്ടെത്തുകയെന്നതും കടമ്പയാണ്.

യുഎഇയിലെ ഉയരമുളള പർവ്വതമായ ജബൽ ജൈസ് യാത്ര ലക്ഷ്യമിട്ടാണ് ഷെയ്ഖ് ഹസ്സൻ ഖാൻ ദുബായിലെത്തിയത്. പതിനൊന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ജനുവരി 4ന് ജെബൽ ജൈസ് ദൌത്യവും പൂർത്തിയാക്കി. യുഎഇയിലെ സഞ്ചാരി തത്പരരായ മൌണ്ടൻ ഗോഡ്സ്, അഡ്വഞ്ചർ അറേബ്യ ഗ്രൂപ്പുകളുടെ സഹായത്തോടെയായിരുന്നു ജെബൽ ജൈസ് യാത്ര.

ലോകത്തിലെ ഏറ്റവും ഉയരുമുളള കെട്ടിടമായ ദുബായ് ബുർജ് ഖലീഫയുടെ മുകളിലെത്താനും ഷെയ്ഖ് ഹസ്സൻ ഖാന് ആഗ്രഹമുണ്ട്. അതിനായുളള ശ്രമങ്ങളും തുടരുന്നു. ഇന്ത്യൻ മൗണ്ടനീയറിങ് ഫൗണ്ടേഷൻ അംഗമായ ഷെയ്ഖ് ഹസ്സൻ ഖാൻ പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാൻ്റേയും ജെ.ഷാഹിദയുടെയും മൂത്ത മകനാണ്. ഭാര്യ: ഖദീജ റാണി. മകൾ: ജഹനാര മറിയം.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...