യുഎഇയിലെ യാസ് ഐലൻഡിലേയ്ക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ യാത്രയ്ക്ക് മുന്നോടിയായി ഐലൻഡിനേക്കുറിച്ച് മനസിലാക്കാൻ ഇതാ ഒരവസരം. യാസ് ഐലൻഡിനെ ഇപ്പോൾ പൂർണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഇവിടെയുള്ള പ്രധാന ആകർഷണങ്ങൾ സഞ്ചാരികൾക്ക് അതിവേഗം മനസിലാക്കാനും സാധിക്കും.
സഞ്ചാരികൾക്ക് യാസ് ഐലൻഡിലേയ്ക്ക് യാത്രചെയ്യുന്നതിന് മുൻപ് ഐലൻഡിലെ പ്രധാന ആകർഷണങ്ങൾ, സഞ്ചാരപാതകൾ മുതലായവ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഗൂഗിൾ മാപ്പിന്റെ മൊബൈൽ, ഡെസ്ക് ടോപ്പ് ആപ്പുകളിൽ ഐലൻഡിന്റെ ഈ 360-ഡിഗ്രി പനോരമിക് സ്ട്രീറ്റ്-ലെവൽ ദൃശ്യം ഇപ്പോൾ ലഭ്യമാണ്. സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുകയാണ് ഇതുവഴി അധികൃതരുടെ ലക്ഷ്യം.
യാസ് ഐലൻഡിലെ ഏകദേശം 20 കിലോമീറ്ററോളം ദൈർഘ്യമുള്ള പൊതുപാതകൾ മനസിലാക്കുന്നതിനും തങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. സീവേൾഡ് യാസ് ഐലൻഡ്, ഫെറാരി വേൾഡ് യാസ് ഐലൻഡ്, വാർണർ ബ്രോസ് അബുദാബി, യാസ് വാട്ടർവേൾഡ്, യാസ് മറീന, യാസ് ബേ വാട്ടർഫ്രന്റ്, എത്തിഹാദ് അരീന തുടങ്ങിയ പ്രധാന ആകർഷണങ്ങളെല്ലാം യാസ് ഐലൻഡ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ലഭ്യമാണ്.