2022-ലെ ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തറിൽ ഉണ്ടായ എല്ലാ മാലിന്യങ്ങളും പൂർണ്ണമായും തരംതിരിച്ച് റീസൈക്കിൾ ചെയ്തു. മേജർ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 100% മാലിന്യവും തരംതിരിച്ച് പുനരുപയോഗം ചെയ്യുന്നതെന്നും മാലിന്യം ഖത്തറിൽ തന്നെയാണ് റീസൈക്കിൾ ചെയ്തതെന്നും മുനിസിപ്പാലിറ്റി മന്ത്രിയായ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു.
ഉപയോഗിച്ച ടയറുകൾ സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായി ചേർന്ന് റീസൈക്ലിംഗ് മാർഗങ്ങൾ കണ്ടെത്തുന്നതിനുമുള്ള പദ്ധതി വികസിപ്പിച്ചെടുക്കുകയും അതിനായി അൽ അഫ്ജയിലെ പ്രാദേശിക സ്വകാര്യ കമ്പനികളുടെയും ടയർ റീസൈക്ലിംഗ് ഫാക്ടറികളുടെയും സഹായത്തോടെ ഏകദേശം 180,000 ടൺ ടയറുകൾ നീക്കം ചെയ്യുകയും ചെയ്തു. ടൂർണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പാണ് ഖത്തറിൽ നടന്നത്.
കഴിഞ്ഞ വർഷം മെസായിദിലെ ഗാർഹിക ഖരമാലിന്യ പരിപാലന കേന്ദ്രത്തിൽ 271 മില്യൺ കിലോവാട്ട് മണിക്കൂറിലധികം വൈദ്യുതിയും 35,000 ടണ്ണിലധികം രാസവളങ്ങളും ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ 27,000 ടണ്ണിലധികം പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പുനഃക്രമീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഗാർഹിക, വ്യാവസായിക, വാണിജ്യ മാലിന്യങ്ങളിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 54 ശതമാനവും മന്ത്രാലയം നിലവിൽ റീസൈക്കിൾ ചെയ്യുകയും ഊർജമായും വളമായും മാറ്റുന്നുമുണ്ട്.