വിഷുവിന് ഒരുങ്ങുകയാണ് ലോക മലയാളികൾ. ഈസ്റ്ററിനും ഈദിനും പിന്നാലെയെത്തിയ വിഷുവിന്റെ അവസാന വട്ടഒരുക്കത്തിലാണ് പ്രവാസികൾ. ഗൾഫിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ തിരക്കാണ്.
പൊൻ കണി കാണാനായ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 1,600 കിലോയോളം കൊന്നപ്പൂക്കൾ ആണ് ഇത്തവണ ഗൾഫിലേക്ക് പറന്നെത്തിയത്. കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപവരെ നൽകിയാണ് ഏജൻസികൾ കണിക്കൊന്ന നാട്ടിൽ നിന്ന് ശേഖരിച്ചത്.
മിഡിൽ ഈസ്റ്റിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കൊന്നപ്പൂ കയറ്റി അയച്ചു. കൊന്നപ്പൂവിനൊപ്പം പച്ചക്കറികളും നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്.
കണി വെള്ളരി, മത്തൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങ, തൂശനില തുടങ്ങി സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും സൂപ്പർ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി തയ്യാറായി.
വിഷു കിറ്റിന് 26.95 ദിർഹമാണ് വില. സദ്യയായി വാങ്ങാനും സൗകര്യമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ സദ്യ വീട്ടിലെത്തും. അവിയൽ, സാമ്പാർ, കൂട്ടുകറി തുടങ്ങി സദ്യയ്ക്ക് ആവശ്യമായ ഓരോ വിഭവങ്ങളും ആവശ്യാനുസരണം പ്രത്യേകം തൂക്കി വാങ്ങുകയും ചെയ്യാം. 19 തരം പായസവും ലഭ്യമാണ്.