യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏകീകൃത വിനോദസഞ്ചാര വിസയായ ഷെങ്കൻ വിസക്ക് ദുബൈയിൽനിന്നുള്ള അപേക്ഷകരുടെ തിരക്കേറിയെന്ന് റിപ്പോർട്ട്. ജൂൺ അവസാനത്തോടെ വലിയ പെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ച് വരുന്ന പശ്ഛാത്തലത്തിലാണ് തിരക്കേറിയത്. ഇതോടെ അപേക്ഷകർക്ക് വിസ ലഭ്യമാകാൻ കാലതാമസം നേരിടുകയാണ്.
ഒരു വിസയിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യാമെന്നതാണ് ഷെങ്കൻ വിസയ്ക്ക് അപേക്ഷകരുടെ എണ്ണം കൂടാൻ കാരണം. ഷെങ്കൻ വിസ വേഗത്തിൽ ലഭ്യമാക്കാൻ യുഎഇ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപേക്ഷതിരക്കേറിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഴുവൻ സ്ലോട്ടുകളും ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതിദിനം നൂറുകണക്കിന് അന്വേഷണങ്ങളാണ് ഷെങ്കൻ വിസയുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളിൽ എത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻകൂർ അപേക്ഷ സമർപ്പിച്ചവർക്ക് ഇതിനകം വിസ ലഭ്യമാക്കി കഴിഞ്ഞു. വേനലവധിക്കാലത്ത് പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഒരോ വർഷവും യുഎഇയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത്.