ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫെഡറൽ ഹൈവേ! ഫെഡറൽ ഹൈവേ നിർമ്മിക്കുന്നത് സംബന്ധിച്ച നിർദ്ദേശം പഠിക്കാനൊരുങ്ങുകയാണ് യുഎഇ. ഫെഡറൽ ഹൈവേ യാഥാർത്ഥ്യമായാൽ യുഎഇയിലെ പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്സ് റോഡുകൾ എന്നിവയുമായി ഇത് ബന്ധിപ്പിക്കും.
ഊർജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്എൻസി) സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് കുറക്കുന്നതിനായി പുതിയ റോഡ് നിർമ്മിക്കാൻ FNC സമർപ്പിച്ച നിർദ്ദേശം മന്ത്രാലയം പഠിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ ഹൈവേ നിർമിക്കണോ അതോ നിലവിലുള്ള പാതകളിലേക്ക് കൂടുതൽ പാതകൾ കൂട്ടിച്ചേർക്കണോയെന്നു വിലയിരുത്താൻ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ബദൽ റൂട്ടുകളിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത് സഹായിക്കുമോയെന്നും അവർ വിലയിരുത്തും. ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് യുഎഇ “പുതിയ നടപടിക്രമങ്ങൾ” നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.