മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ പ്രശംസ.കുട്ടികളുടെ തലമുറകളെ കരുത്തോടെയും നിശ്ചയദാർഢ്യത്തോടെയും വളർത്തിയതിന് എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുന്നുവെന്ന് യുഎഇ പ്രസിഡൻ്റ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
“സ്‌നേഹം, ദയ, ധൈര്യം എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കപ്പുറവും പ്രതിധ്വനിക്കുന്നു, എല്ലാ ദിവസവും ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നതിനുള്ള നിങ്ങളുടെ ശാശ്വതമായ സംഭാവനകളെ ഞങ്ങൾ ആഘോഷിക്കുന്നു.” ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു
അതേസമയം സ്ത്രീകൾ സമൂഹത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്നുണ്ടെന്നും ഔദാര്യത്തിൻ്റെയും വിശ്വസ്തതയുടെയും ത്യാഗത്തിൻ്റെയും മൂർത്തീഭാവമാണെന്നും രാഷ്ട്രമാതാവായ ഷെയ്ഖ ഫാത്തിമയും പറഞ്ഞു. കുടുംബ ഐക്യത്തിൻ്റെ അടിത്തറയായി അമ്മമാർ നിലകൊള്ളുന്നെന്നും സമൂഹത്തിൽ ധാർമ്മിക വിദ്യാഭ്യാസം പകരുന്ന പ്രകാശമാണ് അമ്മമാരെന്നും ഷെയ്ഖ ഫാത്തിമ പറഞ്ഞു.
ലോകമെമ്പാടും വിവിധ ദിവസങ്ങളിലാണ് മാതൃദിനം ആഘോഷിക്കുന്നത്. മിഡിൽ ഈസ്റ്റിൽ മാർച്ച് 21നാണ് മാതൃദിനം. 1956-ൽ ഈജിപ്ത് മാർച്ച് 21 അമ്മമാരെ ആദരിക്കുന്ന ദിവസമായി പ്രഖ്യാപിക്കുകയും മറ്റ് അറബ് രാജ്യങ്ങൾ പിന്തുടരുകയും ചെയ്തെന്നാണ് ചരിത്രം. യുകെയിൽ ഞായറാഴ്ച അമ്മമാരെ ആദരിച്ചിരുന്നു, എന്നാൽ മറ്റ് പല രാജ്യങ്ങളിലും മെയ് മാസത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്.