പുതിയ തൊഴില്‍ അവസരങ്ങൾ തുറന്ന് യുഎഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല. 2022ൽ 32,000 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്നും കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള കാലത്തേതിന് സമാനമായി യാത്രാ- ടൂറിസം വ്യവസായം തിരികെയെത്തിയെന്നും കണക്കുകൾ. 2023-ൽ തുടർച്ചയായി രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച അവധിക്കാല വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടതും മേഖലയ്ക്ക് ഉണര്‍വ്വായി.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കനുസരിച്ച്, ദുബായിലെയും അബുദാബിയിലെയും ജോലികളുടെ എണ്ണം 2022 ൽ 305,000 ൽ എത്തുമെന്നായിരുന്നു നിഗമനം. 32,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. അതേസമയം 2021ല്‍ 273,000 മാത്രമായിരുന്നു ആയിരുന്നു ജോലികളുടെ എണ്ണം. ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിലെ വളര്‍ച്ച തൊഴിൽ വിപണിയിലും ശ്കതമായ സ്വാധീനമാണ് ചെലുത്തുന്നത്. കോവിഡ് -19 ന് ശേഷം വിദേശ സന്ദർശകർക്കായി സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ.
ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ ആകർഷണം കഴിഞ്ഞ രണ്ട് വർഷങ്ങളായി അസാധാരണമായി വളർന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ട്രിപാഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രകാരം 2023ൽ തുടർച്ചയായി രണ്ടാം വർഷവും ലോകത്തിലെ ഹോളിഡേ മേക്കർമാരുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. യൂറോമോണിറ്റർ 2022ൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ രണ്ടാമത്തെ നഗരമായി റാങ്ക് ചെയ്‌തതും ദുബായ് നഗരത്തെയാണ്.
ദുബായ് ഇക്കണോമി ആൻഡ് ടൂറിസം കണക്കുകൾ പ്രകാരം, 2022-ൽ അന്താരാഷ്‌ട്ര സന്ദർശകരുടെ എണ്ണം 97 ശതമാനത്തിലധികം ഉയർന്ന് 14.36 ദശലക്ഷമായി ഉയർന്നു. എന്നാൽ 2019 ലെ കണക്കുകൾ 16.73 ദശലക്ഷത്തേക്കാൾ കുറവാണിത്.
2022ല്‍ ദുബായ് ടൂറിസ്റ്റ് ചെലവ് 29.4 ബില്യൺ ഡോളർ (108 ബില്യൺ ദിർഹം) ആയിരുന്നെങ്കിൽ, 2032 ആകുമ്പോഴേക്കും ദുബായ് ടൂറിസ്റ്റ് ചെലവ് 46 ശതമാനം വർധിച്ച് 43 ബില്യൺ ഡോളറാറില്‍ (158 ബില്യൺ ദിർഹം) എത്തുമെന്ന് ഗ്ലോബൽ ടൂറിസം ബോഡിയുടെ പ്രവചനം.