ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആരോഗ്യനിർണയ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം. പുകവലി ശീലമുള്ള 50-ഉം അതിൽ കൂടുതൽ വയസുമുള്ളവരെ ലക്ഷ്യമിട്ടാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താൻ പറ്റുന്ന സംയോജിത സംവിധാനവും വികസിപ്പിക്കും. രോഗത്തിന്റെ സങ്കീർണതകളെക്കുറിച്ച് സമൂഹത്തിന് അറിവ് നൽകുന്നതിന് ബോധവത്കരണ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം അർബുദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ശ്വാസകോശ അർബുദം ഏറ്റവും കൂടുതലാണ്. ഇതിൽ ഏകദേശം 85 ശതമാനം ആളുകളും പുകവലിക്കുന്നവരുമാണ് എന്നാണ് റിപ്പോർട്ട്.
നാഷണൽ കമ്മിറ്റി ഫോർ ദ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് കാൻസറുമായി സഹകരിച്ച് ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ഉൾപ്പെടുത്തി ദേശീയ ഗൈഡ് വികസിപ്പിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്‌ദുൽ റഹ്‌മാൻ അൽ രന്ദ് പറഞ്ഞു.