ഗുജറാത്തിൽ വച്ച് നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പങ്കെടുത്തു. ജി20 സമ്മേളനത്തിന് മുന്നോടിയായി രാജ്യങ്ങളുടെ മുൻഗണനാ പദ്ധതികളുടെ അവലോകനമാണ് യോഗത്തിൽ നടക്കുന്നത്.
ലോകത്തെ ഭക്ഷ്യ, ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ജി20 സഹകരണത്തിലൂടെയുള്ള ശ്രമങ്ങൾ ആവശ്യമാണ്. കൂടാതെ വികസന പദ്ധതികൾക്ക് ആവശ്യമായ പൊതു നിക്ഷേപ സമാഹരണം രാജ്യങ്ങൾക്കിടയിൽ വേണമെന്നും യോഗത്തിൽ മുഹമ്മദ് ബിൻ ഹാദി ആവശ്യപ്പെട്ടു.
അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ചെറിയ അപകടങ്ങളെ പോലും കണ്ടെത്താൻ രാജ്യങ്ങളുടെ യോജിച്ച മുന്നേറ്റം ആവശ്യമാണ്. ജി20 സമ്മേളനവും യുഎൻ കാലാവസ്ഥ ഉച്ചകോടിയായ കോപ്28 ഉം ഈ വിഷയത്തിൽ കൈകോർക്കണമെന്നും അദ്ദേഹം നിർദേശിച്ചു.