കഴിഞ്ഞ രണ്ട് വർഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 400 ഓളം അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021, 2022 വർഷങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 521 പരാതികളാണ് ലഭിച്ചത്. ഇതിൽ 387 പ്രതികളെ അറസ്റ്റുചെയ്യാനും 4 ബില്യൺ ദിർഹം (1.1 ബില്യൺ ഡോളർ) അനധികൃത ഫണ്ട് കണ്ടുകെട്ടാനും കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിച്ചത്.
ഇതിനിടെ കളളപ്പണ ഇടപാടുകൾ തടയുന്ന കാര്യക്ഷമമായ ഇടപെടലുകളാണ് യുഎഇ നടത്തിയത് നിയമം ശക്തമാക്കിയതിന് പുറമെ നിരീക്ഷണവും പരിശോധനകളും കുറ്റമറ്റതാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിംഗും സംബന്ധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദിൻ്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ഓഫീസിൻ്റേയും സുപ്രീം കമ്മിറ്റിയുടെയും സഹകരണത്തോടെ നടത്തിയ ശ്രമങ്ങളെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് പ്രശംസിച്ചു.
പണത്തിൻ്റെ ഉറവിടം, നീക്കം, ഗുണഭോക്താക്കൾ എന്നിവ സംബന്ധിച്ചുളള പരിശോധനകളാണ് പ്രധാനമായും നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ക്രിമിനൽ ശൃംഖലകൾ കണ്ടെത്തുന്നതിനും അന്വേഷണം സഹായിച്ചതായി ഷെയ്ഖ് സെയ്ഫ് പറഞ്ഞു. ലോകത്തെ പോലീസ് ഏജൻസികളുമായി സഹകരിച്ച് സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കാൻ യുഎഇക്ക് താൽപ്പര്യമുണ്ടെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയും വ്യക്തമാക്കി.