കഴിഞ്ഞ വർഷം യുഎഇയിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 13.4 കോടിയിലാണ് എത്തിയത്. ഈ വർഷം ഇത് 14 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി അറിയിച്ചു.
ആഗോള തലത്തിൽ വിശ്വാസം നേടിയെടുത്ത യുഎഇ വ്യോമയാന മേഖലയുടെ കരുത്തും മത്സരക്ഷമതയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടക്കുന്ന വിപുലീകരണങ്ങൾ, പ്രത്യേകിച്ച് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് – ടെർമിനൽ എ ഉദ്ഘാടനവും അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ നിലവിലെ വിപുലീകരണവും അദ്ദേഹം പരാമർശിച്ചു. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2023-ൽ ആകെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 8.69 കോടിയാണ്. ഏതാണ്ട് ഒൻപത് കോടിയോട് അടുപ്പിച്ചാണ് കഴിഞ്ഞ വർഷം മാത്രം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളത്തിൻ്റെ 2019-ലെ വാർഷിക ട്രാഫിക് 8.63 കോടി യാത്രക്കാരാണ്. 2018-ൽ വിമാനത്താവളത്തിന് 8.91കോടി യാത്രക്കാർ ഉണ്ടായിരുന്നു. 2022 ൽ 6.6 കോടി യാത്രക്കാർ കടന്നുപോയി. ദുബൈ വിമാനത്താവളത്തിന്റെ എക്കാലത്തെയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.