ഇസ്ലാമിക ഉത്സവമായ ഈദ് അൽ അദ്ഹയുടെ ഭാഗമായി നീണ്ട അവധി കാത്തിരിക്കുകയാണ് യു.എ.ഇയിലെ താമസക്കാർ . അവധിയുടെ ദൈർഘ്യം നിർണ്ണയിക്കുന്ന ചന്ദ്രനിരീക്ഷണ പ്രക്രിയ ജൂൺ 6 വ്യാഴാഴ്ച നടക്കും. യുഎഇയിൽ വാരാന്ത്യം ഉൾപ്പെടെ നാലോ അഞ്ചോ ദിവസം അവധി ലഭിക്കാനാണ് സാധ്യത.
ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ അറഫാ ദിനം , ഈദ് അൽ അദ്ഹ ഉത്സവം എന്നിവ കണക്കിലെടുത്താണ് അവധി നൽകുന്നത്. യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്തെ മിക്ക രാജ്യങ്ങളും ഹിജ്‌റി കലണ്ടർ അനുസരിച്ച് ദുൽഖഅദ 29-ന് അഥവാ ജൂൺ 6-ന് ചാന്ദ്ര നിരീക്ഷണം നടത്തും.
ജൂൺ 6ന് ചന്ദ്രനെ കണ്ടാൽ ജൂൺ 7 ന് ദുൽഹിജ്ജ ആരംഭിക്കുകയും അറഫാ ദിനം ജൂൺ 15 നും (ദുൽ ഹിജ്ജ 9) ഈദുൽ അദ്ഹ ജൂൺ 16 നും (ദുൽ ഹിജ്ജ 10) ആഘോഷിക്കും. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വ വരെ അവധിയും ലഭ്യമാകും. അനുബന്ധമായി വാരാന്ത്യ അവധികളും ലഭിക്കും.
ജൂൺ 6ന് ചന്ദ്രനെ ദർശിച്ചില്ലെങ്കിൽ ജൂൺ 8ന് ദുൽ ഹിജ്ജ ആരംഭിക്കും. അറഫാ ദിനം ജൂൺ 16നും (ദുൽ ഹിജ്ജ 9) ഈദ് അൽ അദ്ഹ പിന്നീട് ജൂൺ 17നും (ദുൽ ഹിജ്ജ 10) അഘോഷിക്കും. ജൂൺ 16 ഞായർ മുതൽ ജൂൺ 19 ബുധൻ വരെയാണ് അവധി ലഭിക്കുക. വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് കണക്കാക്കുക.