വേനൽക്കാല അവധിക്കാലത്ത് ‘ഡേർട്ടി കാർ’ പെനാൽറ്റി ഒഴിവാക്കാൻ യുഎഇ നിവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. നീണ്ട അവധിക്കാലത്ത് കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് നാട്ടിലേക്കും മറ്റും യാത്രയാകുന്നവരെയാണ് മുനിസിപ്പൽ അതോറിറ്റി ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്. അദുബായി , ദുബായ് , ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിൽ ഈ നിയമം ബാധകമാണ്.
പൊതു പാർക്കിംഗ് സ്ഥലങ്ങളിലോ പാതയോരങ്ങളിലോ ഇടവഴികളിലൊ ഏറെനാൾ വാഹനങ്ങൾ വൃത്തിയും വെടിപ്പുമില്ലാതെ കിടക്കുന്നത് കണ്ടെത്തിയാൽ മുനിസിപ്പാലിറ്റി നടപടിയെടുക്കും. ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകുകയും 15 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷം പിഴ ചുമത്തുകയും ചിലസാഹചര്യങ്ങളിൽ കണ്ടുകെട്ടുകയും ചെയ്യും. ഇത് കണ്ടെത്താനായി വിവിധ എമിറേറ്റുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കാറുകൾ ഗാരേജിലോ ഭൂഗർഭ പാർക്കിങ്ങിലോ സൂക്ഷിക്കാം. കാർ വൃത്തിയാക്കാൻ ഉടമകൾക്ക് സുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ ആവശ്യപ്പെടാം. കാർ സുരക്ഷിതവും കാർ വൃത്തിയായും സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ സഹായിക്കും.വേനൽക്കാലത്തെ ബാഹ്യ താപനിലയും സൂര്യപ്രകാശവും കാറിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങളുടെ കേടുപാടിന് കാരണമാകുകയും നിറം മങ്ങലിന് ഇടയാക്കുകയും ചെയ്യുമെന്ന് എമിറാത്തി ട്രാഫിക് സുരക്ഷാ ഗവേഷകൻ ഡോ.മുസ്തഫ അൽ ദഹ് പറഞ്ഞു.
കാർ ഉടമകൾക്കൂളള നിർദ്ദേശങ്ങൾ
1. ദൂരെയാത്രക്കും മറ്റും പോകുന്നവർ കാർ സ്റ്റാർട്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു സുഹൃത്തിന് താക്കോൽ കൈമാറുക. ആഴ്ചയിലൊരിക്കൽ എഞ്ചിൻ 10 മിനിറ്റ് പ്രവർത്തിപ്പിക്കുക. കാർ വൃത്തിയായി പരിപാലിക്കുക.
2. കാർ പാർക്ക് ചെയ്യാൻ തണലുളള സ്ഥലം കണ്ടെത്തുക, അല്ലെങ്കിൽ ഒരു കവറുപയോഗിച്ച് മറയ്ക്കാൻ ശ്രദ്ധിക്കുക. (കാറിൻ്റെ കവറുകൾ ഏകദേശം 150 ദിർഹം മുതൽ ആരംഭിക്കുന്നു).
3. കാറിൻ്റെ ടയർ മർദ്ദം ശുപാർശ ചെയ്യുന്ന അളവിലാണെന്ന് ഉറപ്പാക്കുക, കാലക്രമേണ ടയറിലെ വായു ലീക്ക് ചെയ്യുമെന്നതിൽ ശ്രദ്ധവേണം.
4. കാറിൽ ഗ്ലാസ് ഇൻ്റീരിയറിൽ സൺ ഷേഡുകൾ ഉപയോഗിക്കുക.