ട്രക്കുകൾക്ക് സമയനിയന്ത്രണം വരുത്താനൊരുങ്ങി ദുബായ്. 2025 ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിലാണ് ട്രക്കുകൾ ഓടിക്കുന്നതിന് സമയനിയന്ത്രണം വരുന്നത്. വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ഈ റോഡിൽ ട്രക്കുകൾ നിരോധിക്കും.
ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും ചേർന്നാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ദുബായിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗത നിരോധനം വ്യാപിപ്പിക്കാനുള്ള ആർടിഎ പദ്ധതിയുടെ ഭാഗമാണ് തീരുമാനം.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ട്രീറ്റിലെ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെയും റോഡ് ശേഷി വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.