സംഭവബഹുലമായ മഴ ദിവത്തിന് ശേഷം യുഎഇയുടെ മാനം തെളിഞ്ഞു. എന്നാൽ വെള്ളക്കെട്ടുകളും മഴ ദുരിതങ്ങളും പൂർണമായി ഒഴിവായിട്ടില്ല.
ഗതാഗതും പൂർണമായും പുനസ്ഥാപിക്കാനാകാത്തത് നിരവധി ആളുകളെ ബാധിക്കുകയാണ്. വെള്ളത്തിൽ അകപ്പെട്ട വാഹനങ്ങളുടെ എണ്ണത്തിനും കണക്കില്ല. കെട്ടിടങ്ങളുടെ പാർക്കിംഗ് ഏരിയകൾ വെളളത്തിൽ മുങ്ങിയതും നാശനഷ്ടം ഇരട്ടിയാക്കി. കടകളിലും സ്ഥാപനങ്ങളിലുമൊക്കെ വെള്ളം കയറിയുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
വെളളക്കെട്ടുകൾ വറ്റിക്കാൻ അതിതീവ്ര ശ്രമമാണ് നടക്കുന്നത്.തടസ്സപ്പെട്ട വിമാന സർവ്വീസുകൾ പുനസ്ഥാപിക്കാനുള്ള നീക്കം തുടരുന്നു. ട്രാം, മെട്രോ സർവ്വീസുകളും ഭാഗീകമാണ്.സ്കൂളുകൾക്ക് വെള്ളിയാഴ്ചവരെ ഓൺലൈൻ പഠനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഷാർജയിലും മറ്റും മുടങ്ങിപ്പോയ വെദ്യുതി ബന്ധവും ജലവിതരണവും പുന സ്ഥാപിക്കാനുളള ശ്രമവും തുടരുന്നു. അണ്ടർപാസ് റോഡുകളിലും ടണലുകളിലുമുളള വെളളക്കെട്ടുകൾ ഹൈവേ ഗതാഗതത്തെ തടസ്സപ്പെടുത്തുകയാണ്.
വഴയിൽ കുടുങ്ങിയവരെ ഭീതിതമാക്കുന്ന മഴയാണ് പെയ്തൊഴിഞ്ഞത്. കറുത്തിരുണ്ടുപോയ മാനം, തുള്ളിക്കൊരുകുടം കണക്കെ പെയ്യുന്ന മഴ, അതിശക്തമായ കാറ്റും, ഇടിമിന്നലും, മേഘങ്ങൾ തൊട്ടടുത്തെന്ന പോലെഅനുഭവം. പെയ്തത് പെരുമഴയാണ്, തുടരുന്നത് തീരാക്കെടുതികളും .