ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ച 13കാരന്‍റെ മൃതദേഹം ഞായറാഴ്ച ജന്മ നാട്ടിലെത്തിക്കും. തൊടുപുഴ സ്വദേശികളായ നഫീസ മൻസിലിൽ ഫസൽ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് പെട്ടന്ന് കിടക്കയിൽ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ ഉച്ചക്ക് 12 വരെ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം വൈകിട്ട് 3.30ന് തൊടുപുഴ നൈനാർപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരി: നൗറിൻ നഫീസ.