ലോകത്ത് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് തഖ്ദീർ അവാർഡ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അവാർഡ്. വിജയികൾക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുക.
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി മികച്ച ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ദുബായ് തഖ്‌ദീർ പുരസ്‌കാരം നൽകി ആദരിക്കുകയെന്ന് അവാർഡ് കമ്മിറ്റി ചെയർമാനും ദുബായ് എമിഗ്രേഷൻ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു. മുൻപ് ദുബായിലെ കമ്പനികൾക്ക് നൽകിയ അംഗീകാരമാണ് സ്റ്റാർ റേറ്റിങ് അഞ്ചിൽ നിന്ന് ഏഴാക്കി മാറ്റി ആഗോളതലത്തിൽ കമ്പനികൾക്ക് നൽകി ആദരിക്കുന്നത്.
സുസ്ഥിരവും പോസിറ്റീവുമായ തൊഴിൽ വിപണിയുടെ തത്വങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാണ്. കൂടാതെ സമഗ്ര മൂല്യ നിര്‍ണയത്തിലുടെ പോയിന്‍റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് തന്നെ ആദ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. മാത്രമല്ല, തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിയുകയും തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും വിവിധ മേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് തഖ്‌ദീർ അവാർഡ് കമ്മിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കണം. ദുബായ് എമിഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ, ടെക്നിക്കൽ അഡ്വൈസർ ബ്രി. ജനറൽ അബ്ദുൽ സമദ് ഹുസ്സെൻ, മുഹമ്മദ് കമാൽ എന്നിവർ പങ്കെടുത്തു.