ഷോപ്പിംഗ് സെന്‍ററുകളിലേയും റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക – ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്‍റെ സാധ്യതകൾ ഉയര്‍ത്താമെന്നും വിലയിരുത്തുന്നു.
സര്‍വ്വീസ് അംബാസഡര്‍ എന്ന പേരിലാണ് പരിശീലനം നല്‍കുന്നത്. ഓണ്‍ലൈന്‍ പരിശീലനമാണ് ലഭ്യമാക്കുക. ദുബായ് ടൂറിസം കോളേജിന്‍റെ സഹകരണത്തോടെ ഉപഭോക്തൃ സംരക്ഷണ സമിതിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടേയും മികവ് വര്‍ദ്ധിപ്പിക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കുക എന്ന അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശീലനമാണ് ഉറപ്പാക്കുന്നത്.
കോവിഡിന് ശേഷം ദുബായിലേക്ക് സന്ദര്‍ശക പ്രവാഹമാണുളളത്. ഇതര രാജ്യങ്ങൾ സന്ദര്‍ശിക്കുന്നവരും ഇടത്താവളമായി ദുബായിലെത്തുകയും ഷോപ്പിംഗിംന് തയ്യാറാവുകയും ചെയ്യുന്നു. ഹോട്ടല്‍ താമസക്കാരായ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. മൂന്ന് വര്‍ഷത്തിനുളളില്‍ രണ്ടരക്കോടി സഞ്ചാരികളെയാണ് പുതിയതായി പ്രതീക്ഷിക്കുന്നത്. അതേസമയം ഇടപാടുകാര്‍ക്ക് പരാതി അറിയിക്കാന്‍ ദുബായ് കണ്‍സ്യൂമര്‍ എന്ന സ്മാര്‍ട്ട് സംവിധാനവും നിലവിലുണ്ട്.